എരമംഗലം:സമഗ്രാരോഗ്യത്തിൻ്റെയും സുസ്ഥിര വെൽനസിൻ്റെയും പുതിയ ലോകോത്തര കേന്ദ്രം എരമംഗലത്ത് സഞ്ജമാകുന്നു.എരമംഗലത്തിൻ്റെ പച്ചപ്പും, നീല ജലാശയങ്ങളും, വിശാലമായ നെൽപാടങ്ങളും പുഴയും ചേർന്ന ഗ്രാമീണ സൗന്ദര്യത്തിൽ പ്രകൃതിയോടുള്ള അടുപ്പവും ആയുർവേദത്തിൻ്റെ പാരമ്പര്യവും ഒന്നിക്കുന്ന കേന്ദ്രമാണ് “സാത്മ്യ” യെന്നും ഇന്ത്യയിലെ മികച്ച വെൽനസ് റിട്രീറ്റുകളിൽ ഒന്നായി മാറാൻ പോകുന്ന സാത്മ്യ, ലോകോത്തര സൗകര്യങ്ങളോടെ അതിഥികളെ സ്വീകരിക്കുവാൻ ഒരുങ്ങുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.ആരോഗ്യവും വിശ്രമവും ഒന്നിച്ചുള്ള അനുഭവം സമ്മാനിക്കുന്ന പ്രീമിയം കേന്ദ്രമാണ് സാത്മ്യ ആയുർവേദ വില്ലേജ് ആൻ്റ് വെൽനസ് റിസോർട്ട്.കേരളത്തിൻ്റെ പരമ്പരാഗത വാസ്തുവിദ്യയും ആധുനികസൗകര്യങ്ങളും ചേർത്തുള്ള 60 അതിസുന്ദരമായി ഡിസൈൻ ചെയ്ത മുറികളാണ് ഇവിടെ ഒരുക്കുന്നത്.പ്രത്യേക ആയുർവേദ ചികിത്സാ ബ്ലോക്കുകൾ,ഫിസിയോ തറാപ്പി,ജിംനാഷ്യം, കഫേകൾ റസ്റ്റോറൻ്റുകൾ,പ്രകൃതി ദത്തമായ അഞ്ച് കുളങ്ങൾ,സ്വിമ്മിംഗ് പൂൾ, ഒരു കിലോമീറ്ററിലധികം വരുന്ന മനോഹരമായ നടപ്പാത, കുതിര സവാരി, ഓർഗാനിക് ഔഷധ തോട്ടങ്ങൾ, ആംഫി തിയേറ്റർ,റീഡിംഗ് ബോട്ടുകൾ, പ്രത്യേക ബീച്ച് ഗസ്റ്റ് ഹൗസുകൾ, കാരവാൻ തുടങ്ങി ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സാത്മ്യ പ്രവർത്തനമാരംഭിക്കുന്നത്.യൂറോപ്പ്,ജി.സി.സി.ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രീമിയം അതിഥികളെ ലക്ഷ്യമാക്കിയാണ് സാത്മ്യ അതിൻ്റെ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്.
അനുഭവസമ്പന്നരായ ആയുർവേദ ഡോക്ടർമാരുടെ ചികിത്സയും വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ചുള്ള വെൽനസ്സ് പ്രോഗ്രാമുകളും, യാഗ , ധ്യാനം തുടങ്ങിയവും സാത്മ്യയിലുണ്ടാകും.12 രാജ്യങ്ങളിൽ 26 ഓഫീസുകളിലായി പ്രവർത്തിക്കുന്ന പ്രമുഖ ലോജിസ്റ്റിക്ക് കമ്പനിയായ ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പാണ് “സാത്മ്യ”യുടെ പിന്നിൽ പ്രവർത്തിക്കുന്നത്.200 കോടി രൂപ മുതൽമുടക്കിൽ എൽ.എൽ.പി കമ്പനിയായി റജിസ്റ്റർ ചെയ്ത സാത്മ്യയിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരമുണ്ട്.അടുത്ത വർഷം അവസാനം ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനം നടക്കും.വാര്‍ത്താസമ്മേളനത്തിൽ സാത്മ്യ മാനേജിംഗ് ഡയറക്റ്റർ ബി.പി.നാസർ, സിനിയർ ജനറൽ മാനേജർ ഹരീന്ദ്രനാഥ്, പബ്ലിക്ക് റിലേഷൻ ഓഫീസർ എ. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.









