ചേലക്കര:തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ചേലക്കരയിൽ വാർത്താസമ്മേളനം നടത്തിയ പി.വി. അൻവർ എം.എൽ.എക്കെതിരെ കേസെടുക്കാൻ വരണാധികാരികൂടിയായ തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ പൊലീസിന് നിർദേശം നൽകി. കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി തേടി പൊലീസ് ബുധനാഴ്ച വടക്കാഞ്ചേരി കോടതിയിൽ അപേക്ഷ നൽകും. സംഭവത്തിൽ എഫ്.ഐ.ആർ തയാറാക്കാൻ റിട്ടേണിങ് ഓഫിസർക്ക് കലക്ടർ നിർദേശം നൽകിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ചേലക്കരയിലെ ഹോട്ടലിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാർത്താസമ്മേളനത്തിനിടെ നോട്ടീസ് നൽകാനെത്തിയ തെരഞ്ഞെടുപ്പ് കമീഷൻ ഫ്ലയിങ് സ്ക്വാഡ് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായ തിരുവില്വാമല കൃഷി ഓഫിസർ എം.സി. വിവേകിനെ മാധ്യമപ്രവർത്തകർക്കു മുന്നിൽ അൻവർ അവഹേളിച്ച് പറഞ്ഞയച്ചു.
ചൊവ്വാഴ്ച രാവിലെ അൻവർ വാർത്താസമ്മേളനം നടത്തുമെന്ന് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡി.എം.കെ) മീഡിയ ഗ്രൂപ്പിലൂടെ തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. പ്രചാരണവിലക്കുള്ള ദിവസം വാർത്താസമ്മേളനം നടത്താമോയെന്ന് ചൊവ്വാഴ്ച രാവിലെ ഹോട്ടലിലെത്തിയ മാധ്യമപ്രവർത്തകർ സംശയം പ്രകടിപ്പിച്ചെങ്കിലും എന്തു തടസ്സമുണ്ടായാലും നടക്കും എന്നായിരുന്നു മറുപടി.