തിരുവനന്തപുരം: വോട്ട് ക്രമക്കേടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം. കുമ്പിടിയാ കുമ്പിടി’ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം. സുരേഷ് ഗോപിയുടെ വീട് കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരത്താണ് അദ്ദേഹത്തിന് തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടുള്ളത്. തൃശൂരിലായിരുന്നു സുരേഷ് ഗോപിക്ക് ലോക്‌സഭാ വോട്ട്. പോണ്ടിച്ചേരിയിലാണ് അദ്ദേഹത്തിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിഹാസമാണ് മന്ത്രി നടത്തിയത്.അതേസമയം വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ തൃശ്ശൂരിലെത്തിയ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപിയെ ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യങ്ങളോടെയാണ് സ്വീകരിച്ചത്.സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനായിരുന്നു ആശുപത്രിയിലെത്തിയത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഇന്ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. അതില്‍ സുരേഷ് ഗോപി പങ്കെടുക്കില്ല.കോതമംഗലത്ത് ജീവനൊടുക്കിയ 23കാരിയുടെ കുടുംബത്തെ സുരേഷ് ഗോപി സന്ദര്‍ശിക്കുമെന്നാണ് വിവരം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.










