സിബിഎസ്‌ഇ ഒൻപതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. 2026-27 അധ്യയന വർഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ്‌ഇ തീരുമാനിച്ചെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.ഇതിന്റെ സുഗമമായ നടത്തിപ്പിന് സിബിഎസ്‌ഇ ഓപ്പണ്‍-ബുക്ക് പരീക്ഷകള്‍ക്കായി വിശദമായ ചട്ടക്കൂട്, മാർഗനിർദേശങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ നല്‍കും.
നാഷണല്‍ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂള്‍ എഡ്യൂക്കേഷൻ 2023, ദേശീയ വിദ്യഭ്യാസ നയം 2020 എന്നിവ പ്രകാരം മനഃപാഠമാക്കുന്ന പ്രവണത കുറച്ച് ആശയങ്ങള്‍ മനസ്സിലാക്കി ജീവിത സാഹചര്യങ്ങളില്‍ പ്രയോഗിക്കുക എന്നതാണ് ലക്ഷ്യം. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ക്ക് ഓപ്പണ്‍ ബുക്ക് പരീക്ഷ അനുവദിക്കും.
വിമർശനാത്മക ചിന്ത വളർത്താനും ആശയങ്ങള്‍ യഥാർത്ഥ ലോകത്ത് പ്രയോഗിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളില്‍ പരീക്ഷാ സംബന്ധമായ സമ്മർദം ലഘൂകരിക്കാനുമാണിത്. തുടക്കത്തില്‍ മൂല്യനിർണയം എല്ലാ സ്കൂളുകള്‍ക്കും നിർബന്ധമാക്കാൻ സാധ്യതയില്ല, സ്കൂളുകള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്യം നല്‍കും.
സിബിഎസ്‌ഇ 2014-15 ലും 2016-17 ലും ഇടയില്‍, 9, 11 ക്ലാസ്സുകള്‍ക്കായി ഓപ്പണ്‍ ടെക്സ്റ്റ് പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ വിദ്യാർത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതിനെ തുടർന്ന് ഇത് പിന്നീട് നിർത്തലാക്കി.