ഷാർജയിൽ കൊല്ലം സ്വദേശി അതുല്യ മരിച്ച സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കർ അറസ്റ്റിൽ. യുഎഇയിൽനിന്ന് നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിമാനമിറങ്ങിയ ഇയാളെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു. സതീഷ് നിലവിൽ വലിയതുറ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾക്കെതിരേ കൊല്ലം പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ജൂലായ് 19-നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ(30)യെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷ് ശങ്കറിന്റെ നിരന്തരം പീഡനവും ഉപദ്രവുമാണ് അതുല്യയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. ഭർത്താവിന്റെ ഉപദ്രവം സംബന്ധിച്ച് അതുല്യ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതിന്റെ ശബ്ദരേഖയും ഭർത്താവ് ഉപദ്രവിക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദുബായിൽ സൈറ്റ് എൻജിനീയറായ സതീഷിനെ കമ്പനി ജോലിയിൽനിന്ന് പിരിച്ചുവിടുകയുംചെയ്തിരുന്നു







