ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. പി കെ ബുജൈർറിന്റെ ജാമ്യം കുന്ദമംഗലംഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. മജിസ്ട്രേറ്റ് എം ആതിരയാണ് ജാമ്യം നിഷേധിച്ചത്. ലഹരിമരുന്ന് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന കുറ്റമാണ് ബുജൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.നേരത്തെ രണ്ട് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ബുജൈർ. എന്നാൽ, അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.ഇവരുടെ ഫോണുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മറ്റ് ഇടനിലക്കാരുമായി ബുജൈറിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടിനൽകാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടാനാണ് സാധ്യത.അതേസമയം, കേസുമായി തങ്ങൾക്കോ പാർട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ബുജൈറിന് ഒരു സംരക്ഷണവും നൽകില്ലെന്നും പി.കെ. ഫിറോസ് ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.