ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാവിലെ ആരംഭിച്ചു. കേരളത്തിൽ സിനിമയുടെ ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിൽ ഒരു കോടി നേടിയിരിക്കുകയാണ് തലൈവ. 64,000 ടിക്കറ്റുകൾ ഇതിനകം സിനിമയുടേതായി വിറ്റു പോയി. ഓരോ മണിക്കൂറിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ജയിലറിന് കേരളത്തിൽ ലഭിച്ച സ്വീകാര്യതയേക്കാൾ വലുതാണ് കൂലിയിക്ക് ലഭിച്ചു കൊണ്ടിരുന്നത്.
ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ ബുക്കിംഗ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്. ആദ്യം ദിവസം കേരളത്തിൽ നിന്ന് മാത്രം ചിത്രം നല്ല തുക കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം ‘ദളപതി’ സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.