ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിലെ കദ്വ ബസന്ത്ഗഢ് പ്രദേശത്ത് സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനായി പോലീസ് ആംബുലൻസുമായി സ്ഥലത്തെത്തിയതായി സംഭവം സ്ഥിരീകരിച്ച് ഉദംപൂർ എഎസ്പി സന്ദീപ് ഭട്ട് പറഞ്ഞു.കാണ്ട്വ-ബസന്ത്ഗഢ് പ്രദേശത്ത് സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട വാർത്ത അസ്വസ്ഥത ഉളവാക്കുന്നതാണെന്നും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. രക്ഷാപ്രവർത്തനങ്ങൾ പെട്ടെന്നുതന്നെ ആരംഭിച്ചതായും പരിക്കേറ്റവരെ സഹായിക്കാൻ നാട്ടുകാർ മുന്നോട്ടുവന്നിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും ഇപ്പോൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സാധ്യമായ ഏറ്റവും മികച്ച പരിചരണവും സഹായവും ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും അദ്ദേഹം എക്സ് പോസ്റ്റിൽ അറിയിച്ചു. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.