കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം സ്വദേശി അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റിലായത്. കാക്കനാട് സൈബർ പോലീസിന്റേതാണ് നടപടി.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണിലൂടെയുമാണ് സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ പണമാവശ്യപ്പെട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതി മിനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് മിനുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർ ജാമ്യത്തിലിറങ്ങി. ബാലചന്ദ്രമേനോനിൽ നിന്നും പണംതട്ടാൻ മീനുവും സംഗീതും ഗൂഢാലോചന നടത്തിയിരുന്നുവെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
കാപ്പ കേസിലെ പ്രതിയാണ് സംഗീത് ലൂയിസ്. തൃശൂർ അയ്യന്തോളിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും