ശ്രീനഗർ∙ ‘തെറ്റായ വിവരങ്ങളും വിഘടനവാദവും’ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് ബുക്കർ പുരസ്കാര ജേതാവ് അരുന്ധതി റോയ്, ഭരണഘടനാ വിദഗ്ധൻ എ.ജി.നൂറാനി എന്നിവരുടേത് ഉൾപ്പെടെ 25 പുസ്തകങ്ങൾക്ക് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ നിരോധനമേർപ്പെടുത്തി. പുസ്തകങ്ങൾ കണ്ടുകെട്ടാനും ഉത്തരവിട്ടു.
വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ നിരോധിച്ചതെന്ന് ജമ്മു കശ്മീർ ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എ.ജി.നൂറാനി, അരുന്ധതി റോയ്, വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫർ സ്നെഡൻ എന്നിവരാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാക്കളിൽ ചിലർ.
അരുന്ധതി റോയിയുടെ ‘ആസാദി’ എന്ന പുസ്തകമാണ് നിരോധിച്ചത്. ഇന്ത്യയിലെ പ്രമുഖ ഭരണഘടനാ വിദഗ്ധനായിരുന്ന എ.ജി.നൂറാനി കശ്മീരിനെക്കുറിച്ചും ഇന്ത്യൻ യൂണിയനുമായുള്ള ഭരണഘടനാപരമായ ബന്ധത്തെക്കുറിച്ചും എഴുതിയ ‘ദ് കശ്മീർ ഡിസ്പ്യൂട്ട് 1947-2012’ എന്ന പുസ്തകമാണ് നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തത്. ബ്രിട്ടിഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീൽഡിന്റെ ‘കശ്മീർ ഇൻ കോൺഫ്ലിക്റ്റ് – ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദി അൺഎൻഡിങ് വാർ’ എന്ന പുസ്തകമാണ് നിരോധിച്ചത്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫസറായ സുമന്ത്ര ബോസ് എഴുതിയ ‘കോൺടസ്റ്റഡ് ലാൻഡ്സ്’, ‘കശ്മീർ അറ്റ് ദി ക്രോസ്റോഡ്സ്’ എന്നീ പുസ്തകങ്ങളും നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 98 വകുപ്പ് പ്രകാരമാണ് പുസ്തകങ്ങൾ നിരോധിച്ചത്.