തിരുവനന്തപുരം മുട്ടത്തറയില്‍ പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച വീടുകളുടെ തക്കോല്‍ദാനം ഇന്ന് നടക്കും. 400 ഫ്‌ലാറ്റുകളില്‍ 332 ഫ്‌ലാറ്റുകളാണ് മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈമാറുന്നത്. വൈകിട്ട് നാലിനാണ് താക്കോല്‍ദാന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘പ്രത്യാശ’ എന്ന പേരില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും400 ഫ്‌ലാറ്റുകളില്‍ പണിപൂര്‍ത്തിയായ 332 എണ്ണത്തിന്റെ താക്കോല്‍ദാനമാണ് ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 68 ഫ്‌ലാറ്റുകളുടെ പണി പൂര്‍ത്തിയാക്കും. പുനര്‍ഗേഹം തീരദേശ പുനരധിവാസ പദ്ധതിയില്‍ മുട്ടത്തറ വില്ലേജില്‍ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പുനര്‍ഗേഹം പദ്ധതി വഴി ഇതുവരെ 5,361 കുടുംബങ്ങള്‍ക്കാണ് സുരക്ഷിത ഭവനമൊരുക്കാന്‍ സാധിച്ചത്.എല്ലാ മത്സ്യത്തൊഴിലാളികളെയും ഒരുപോലെയാണ് സര്‍ക്കാര്‍ കാണുന്നത്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഫ്ലാറ്റ് ലഭിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.