ചെന്നൈ: മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന(ജിഎസ്ഡിപി)ത്തിൽ കഴിഞ്ഞവർഷം തമിഴ്‌നാട് 11.19 ശതമാനം വളർച്ച കൈവരിച്ചു. രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാട് എന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ, പദ്ധതി നിർവഹണ മന്ത്രാലയം ഓഗസ്റ്റ് ഒന്നിനു തയ്യാറാക്കിയ പുതുക്കിയ കണക്കനുസരിച്ച് 2024-25 വർഷം തമിഴ്‌നാടിന്റെ ജിഎസ്ഡിപി 17.3 ലക്ഷം കോടി രൂപയാണ്. മുൻവർഷം 15.6 ലക്ഷം കോടിയായിരുന്ന സ്ഥാനത്താണിത്. 14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനം രണ്ടക്ക സാമ്പത്തികവളർച്ച കൈവരിക്കുന്നത്. 2010-11 വർഷം സംസ്ഥാനം 13.13 ശതമാനം വളർച്ച നേടിയിരുന്നു. അപ്പോഴും ഡിഎംകെ സർക്കാരായിരുന്നു അധികാരത്തിൽ.
രാജ്യത്ത് ജിഎസ്ഡിപിയിൽ തമിഴ്‌നാടിനു മുന്നിലുള്ളത് മഹാരാഷ്ട്ര മാത്രമാണ്. (26.1 ലക്ഷം കോടി രൂപ). പക്ഷേ, അവിടത്തെ വളർച്ച നിരക്ക് 7.27 ശതമാനം മാത്രമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകം- 15.7 ലക്ഷം കോടി(7.37 ശതമാനം) ആന്ധ്ര 8.6 ലക്ഷം കോടി (8.21 ശതമാനം), തെലങ്കാന 8.3 ലക്ഷം കോടി (8.08 ശതമാനം) കേരളം 6.8ലക്ഷം കോടി (6.19 ശതമാനം) എന്നിങ്ങനെയാണ് ജിഎസ്ഡിപി (വളർച്ച നിരക്ക് ബ്രാക്കറ്റിൽ). തമിഴ്‌നാട്ടിൽ ഒൻപതു ശതമാനം വളർച്ചയാണ് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ ഏപ്രിലിലെ കണക്കനുസരിച്ച് ഇത് 9.69 ശതമാനമായിരുന്നു. യഥാർഥ കണക്ക് രണ്ടിനെയും മറികടന്നിരിക്കുകയാണ്.
ആളോഹരി വരുമാനത്തിൽ ഡൽഹി(2,83,093 രൂപ)യാണ് രാജ്യത്ത് മുന്നിൽ. 2,04,605 രൂപയുമായി കർണാടകം രണ്ടാം സ്ഥാനത്താണ്. തമിഴ്‌നാട് 1,97,746 രൂപയുമായി മൂന്നാമതും. 1,73,817 രൂപയാണ് കേരളത്തിന്റെ ആളോഹരി വരുമാനം. ഗുജറാത്തും ഗോവയും ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല.
ഡിഎംകെ സർക്കാരിന്റെ ദ്രാവിഡ മാതൃകാ വികസനത്തിന്റെ നേട്ടമാണ് ഈ സാമ്പത്തികവളർച്ചയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബുധനാഴ്ച അവകാശപ്പെട്ടു. 2030-ഓടെ തമിഴ്‌നാടിനെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യം അസാധ്യമല്ലെന്ന് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. എം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കേയാണ് ഇതിനു മുൻപ് സംസ്ഥാനം രണ്ടക്ക വളർച്ച നേടിയതെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു