ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ക്ലബ്ബുകളുമായുള്ള യോഗം വിളിച്ച് എഐഎഫ്എഫ്. ഓഗസ്റ്റ് ഏഴ് വ്യാഴാഴ്ച ഡൽഹിയിൽ വച്ചാണ് ക്ലബ് സി.ഇ.ഒമാരായുള്ള യോഗം നടക്കുക. ഐഎസ്എല്ലിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ സംയുക്തമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചർച്ചയ്ക്ക് വഴി ഒരുങ്ങിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ബംഗളൂരു എഫ്.സി, ജംഷഡ്പുർ എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഒഡീഷ എഫ്.സി, പഞ്ചാബ് എഫ്.സി എന്നീ ക്ലബ്ബുകളും കത്തയച്ചിരുന്നു.ഐഎസ്എൽ അനിശ്ചിതത്വം താരങ്ങളെയും, മറ്റ് ക്ലബ് അംഗങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടിട്ടുണ്ട്. ലീഗിലെ പ്രമുഖ ക്ലബ്ബുകളിൽ ഒന്നായ ബെംഗളൂരു എഫ് സി അനിശ്ചിത കാലത്തേക്ക് താരങ്ങളുടെയും, മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും ശമ്പളം മരവിപ്പിക്കുന്നതായി പ്രസ്താവന ഇറക്കിയിരുന്നു. ഈ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നെന്നും ക്ലബ് അറിയിച്ചു.ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ലീഗിന്റെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയത്.2025 സെപ്റ്റംബറിൽ ഐഎസ്എൽ തുടങ്ങുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഡിസംബറിൽ കരാർ അവസാനിക്കും എന്നത് ലീഗിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കി. എന്നാൽ, ഐഎസ്എൽ പന്ത്രണ്ടാം സീസൺ നടക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചിരുന്നു.