ചെന്നൈ: സമൂഹമാധ്യമത്തിലൂടെ ദളിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. 2021ൽ നടന്ന സംഭവത്തിൽ നേരത്തെ ഇവർ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും പൊലീസിന് നടിയെ കണ്ടെത്താൻ സാധിക്കാത്തതിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.2021 ൽ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടി വിവാദപരാമർശം നടത്തിയത്. എസ്.സി. വിഭാഗത്തിൽപ്പെട്ടവർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണെന്നും പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സംവിധായകരെ തമിഴ് സിനിമയിൽനിന്ന് പുറത്താക്കണമെന്നുമാണ് നടി വീഡിയോയിൽ പറഞ്ഞത്. എസ്.സി. വിഭാഗത്തിലുൾപ്പെട്ടവർ കുറ്റകൃത്യം ചെയ്യുന്നത് കാരണമാണ് സമൂഹത്തിൽ അവർക്ക് അപമാനം നേരിടേണ്ടി വരുന്നതെന്നും നടി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെ ദളിത് വിഭാഗങ്ങളിൽനിന്ന് എതിർപ്പുയർന്നിരുന്നു.വിജയ് ടിവിയുടെ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് മീര മിഥുൻ പ്രശസ്തിയാർജിക്കുന്നത്. അതിനുശേഷം ഇതേ ചാനലിലെ ജോഡി നമ്പർ വണ്ണിലും മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട്. എട്ടു തോട്ടൈകൾ, താനാ സേർന്ത കൂട്ടം, ബോധൈ യേറി ബുദ്ധി മാറി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.