തിരുവനന്തപുരം: സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക. എൽപി വിഭാഗത്തിൽ 20-ന് തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കും. ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും.ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗൺസലിങ് പരിശീലനം 11, 12 തീയതികളിൽ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തിൽ എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തിൽ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.