കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ മരിച്ച സംഭവത്തിൽ മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ ഗതാഗത വകുപ്പും പൊലീസും നടപടികൾ സ്വീകരിക്കണമെന്നും ഗിഗ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി ടി സി സൻജിത്ത് പറഞ്ഞു.
ഇന്നലെയാണ് കളമശ്ശേരിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാമിന് ജീവൻ നഷ്ടമായത്. ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
രണ്ടാഴ്ച മുൻപും സമാന സ്ഥലത്ത് അപകടമുണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റാമാർട്ടിൻറെ ഗോഡൗണിലേക്ക് ഓർഡർ എടുക്കാനായി പോയതായിരുന്നു സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ അബ്ദുൾ സലാം സംഭവ സ്ഥലത്ത് വെച്ച തന്നെ മരിക്കുകയായിരുന്നു.