പരസ്യ മദ്യപാനം വിവാദമായതിന് പിന്നാലെ മാഹി ഇരട്ടക്കൊലക്കേസില്‍ കൊടി സുനി അടക്കമുള്ള പ്രതികളുടെ വിചാരണ നടന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴി. തലശ്ശേരി കോടതിയില്‍ ഇന്നലെയായിരുന്നു വിചാരണ നടന്നത്. കഴിഞ്ഞ തവണ ഈ കേസിന്റെ വിചാരണയ്ക്ക് എത്തിച്ചപ്പോഴായിരുന്നു കൊടി സുനി അടക്കമുള്ള പ്രതികളുടെ പരസ്യ മദ്യപാനം. കേസില്‍ അന്തിമവാദം ആണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ മാസം പതിനേഴിനായിരുന്നു സംഭവം നടന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതികളെ വിചാരണയുടെ ഭാഗമായി തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതായി കോടതി പിരിഞ്ഞിരുന്നു. ഈ സമയം ഭക്ഷണം വാങ്ങി നല്‍കുന്നതിനായി പ്രതികളെ പൊലീസ് സമീപത്തെ വിക്ടോറിയ ഹോട്ടലില്‍ എത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യം കഴിച്ചു എന്നുമായിരുന്നു പരാതി.
ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസിന് വീഴ്ച സംഭവിച്ചതായി വ്യക്തമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സിപിഒ ഉദ്യോഗസ്ഥരായ ജിഷ്ണു, വൈശാഖ്, വിനീഷ് എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതികള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ മദ്യം എത്തിച്ച വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. കൊലക്കേസ് പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചിട്ടും നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.
2010 മെയ് 28നായിരുന്നു മാഹിയില്‍ ഇരട്ടക്കൊല നടക്കുന്നത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിജിത്ത്, ഷിനോജ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. കോടതിയില്‍ ഹാജരാത്തി മടങ്ങുമ്പോഴായിരുന്നു ആക്രമണം. കേസില്‍ കൊടി സുനി രണ്ടാം പ്രതിയും മുഹമ്മദ് ഷാഫി രണ്ടും നാലും പ്രതികളുമാണ്. കേസില്‍ പതിനാറ് പ്രതികളാണുള്ളത്.