തന്റെ ഭാര്യയെ തടവിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ തമിഴ്‌നാട് സ്വദേശി തന്റെ ഭര്‍ത്താവല്ലെന്ന് യുവതി ഹൈക്കോടതിയില്‍. ഈ വ്യക്തി തന്റെ ഭര്‍ത്താവല്ലെന്നും സൗഹൃദം മാത്രമാണുള്ളതെന്നും യുവതി കോടതിയില്‍ പറഞ്ഞു.
സൗഹൃദം തുടരാന്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ മനപ്പൂര്‍വ്വം മാറി നിന്നതാണെന്ന് ഗ്വാളിയര്‍ സ്വദേശിനി കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ സൗഹൃദത്തില്‍ നിന്ന് ഒഴിവാകാനാണ് താന്‍ മരിച്ചെന്ന സന്ദേശവും സംസ്‌കാരത്തിന്റെ ദൃശ്യങ്ങളും മറ്റ് ഫോണ്‍ നമ്പറുകളില്‍ നിന്ന് അയച്ചുകൊടുത്തതെന്നും യുവതി പറഞ്ഞു.
അതേ സമയം തന്റെ രണ്ട് കോടി രൂപ യുവതി തട്ടിയെടുത്തെന്നും അത് തിരികെ ലഭിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം ഇയാള്‍ സ്വമേധയാ നല്‍കിയതാണെന്നും തന്നെ ആരും തടങ്കലിലാക്കിയിട്ടില്ലെന്നും ജീവന് ഭീഷണി ഇല്ലെന്നും യുവതി പറഞ്ഞു.
നിയമപരമായ വിവാഹം നടന്നിട്ടില്ലെങ്കിലും പള്ളിയില്‍വെച്ച് താലികെട്ടിയതായി വൈദ്യുതി ബോര്‍ഡ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സാമ്പത്തിക വഞ്ചന നടന്നിട്ടുണ്ടെങ്കില്‍ കക്ഷികള്‍ക്ക് നിയമപരമായി നീങ്ങാമെന്നും വ്യക്തമാക്കി.