നവാസിന്റെ പിതാവ് അബൂബക്കറുമായുള്ള ബന്ധത്തില്‍ തുടങ്ങിയതാണ് നവാസുമായും സഹോദരന്‍ നിയാസുമായുമുള്ള സൗഹൃദമെന്ന് വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. മകനാവാനുള്ള പ്രായമേയുള്ളൂവെന്നും നവാസിന്റെ ചിരിക്കുന്ന മുഖം മാത്രമേ മനസിലുള്ളൂവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വാക്കുകളിങ്ങനെ
വളരെ കാലം മുമ്പ് കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വാര്‍ഷികത്തിന് ഒരു നാടകം കണ്ടാണ് അബൂബക്കര്‍ മനസ്സില്‍ കയറിക്കൂടുന്നത്.
ഒരു റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിട്ടാണ് അബൂബക്കര്‍ ആ നാടകത്തില്‍ പ്രധാന വേഷത്തില്‍ പ്രതൃക്ഷപ്പെടുന്നത്.
അതിനു ശേഷം വളരെക്കഴിഞ്ഞ് ചില സിനിമളില്‍ ഒന്നിച്ചഭിനയിച്ചു.
പിന്നെ നവാസും നിയാസും സുഹൃത്തുക്കളായി.
അവരുടെ വളര്‍ച്ചയില്‍ ഒരു സുഹൃത്തെന്നതിനേക്കാള്‍ ഏറെ അവരുടെ കുടുംബത്തിന്റെ നിഴല്‍ വീണ കാലം കണ്ട ഞാന്‍ സന്തോഷിച്ചു.
അവസാനം നവാസ് വീട്ടില്‍ വന്നത് മുതുവമ്മലുള്ള സലീമുമൊത്ത് ‘ഇഴ’യുടെ പ്രീവ്യൂവിന് ക്ഷണിക്കാനായിരുന്നു.
പ്രിവ്യു കാണാന്‍ പോവാനൊത്തില്ല.
എന്റെ മകനാവാനുള്ള പ്രായമേ ഉള്ളൂ നിനക്ക്. നിന്റെ ചിരിക്കുന്ന മുഖമേ എന്റെ മനസ്സിലുള്ളൂ.
പ്രിയനേ വിട.
നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയില്‍ എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനില്‍നിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്.
പ്രശസ്ത നാടക-സിനിമാ നടന്‍ അബൂബക്കറിന്റെ മകനാണ്. മിമിക്സ് ആക്ഷന്‍ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. മക്കള്‍: നഹ്‌റിന്‍, റിദ്വാന്‍, റിഹാന്‍. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും നടനാണ്.