ന്യൂഡൽഹി: രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ഈ മാസത്തോടെ ബിഎസ്എന്‍എലിന്റെ 4ജി സേവനങ്ങള്‍ രാജ്യത്തുടനീളം ലഭ്യമാവും. ഇപ്പോഴിതാ വെറും ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളും 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്രൊമോഷണല്‍ ഫ്രീഡം ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.ഈ ഓഫര്‍ ഓഗസ്റ്റ് 31 വരെയാണ് ലഭിക്കുക. ഈ ഓഫറിന് കീഴില്‍ പുതിയ സിം കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ വോയ്‌സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, ദിവസേന 2ജിബി 4ജി ഡാറ്റ എന്നിവ ലഭിക്കും. പ്രതിധിന ഡാറ്റാപരിധി കഴിഞ്ഞാല്‍ ഡാറ്റാ വേഗം 40 കെബിപിഎസിലേക്ക് ചുരുങ്ങും.പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. നിലവിലുള്ള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകില്ല. ബിഎസ്എന്‍എലിന്റെ ഈ പുതിയ പ്ലാന്‍ സ്വന്തമാക്കാന്‍ അടുത്തുള്ള ബിഎസ്എന്‍എല്‍ റീട്ടെയില്‍ സ്ഥാപനമോ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിച്ചാല്‍ മതി.രാജ്യവ്യാപകമായി 4ജി സേവനങ്ങള്‍ വിന്യസിക്കാനുള്ള ബിഎസ്എന്‍എലിന്റെ ദൗത്യം ഈ മാസത്തോടെ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം സ്ഥാപിച്ചത്. തദ്ദേശീയമായ സാങ്കേതിക വിദ്യയില്‍ ബിഎസ്എന്‍എല്‍ ഒരുക്കിയ 4ജി സേവനങ്ങള്‍ അനുഭവിച്ചറിയാന്‍ ഈ പുതിയ ഫ്രീഡം പ്ലാനിലൂടെ പുതിയ ഉപഭോക്താക്കള്‍ക്ക് സാധിക്കും.ഫ്രീഡം പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നല്‍കുന്നത് യഥാക്രമം 349 രൂപ, 379 രൂപ, 399 രൂപ പ്ലാനുകള്‍ക്കൊപ്പമാണ്. അതേസമയം ബിഎസ്എന്‍എലിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 347 രൂപയുടെ പ്ലാനില്‍ 54 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് , പ്രതിദിനം 2ജിബി 4ജി ഡാറ്റ, ദിവസേന 100 എസ്എംഎസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.