എരമംഗലം:പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഭൂമികയ്ക്ക് ഒരു തൈ’ പദ്ധതിയ്ക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. വെളിയങ്കോട് എംടിഎം കോളേജിൽ നടന്ന ചടങ്ങിൽ ഭൂമികയ്ക്ക് ഒരു തൈ പദ്ധതി ജില്ലാതലം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയെന്നത് നമ്മൾ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും കാലാവസ്ഥയിലെ മാറ്റങ്ങളെ പറ്റി നമ്മൾ ചിന്തിച്ചു തുടങ്ങിയതായും വയനാട് ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.എംടിഎം കോളേജ് വൈസ് പ്രിൻസിപ്പൽ കെ. രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാവും സിനിമാ സംവിധായകനുമായ ഷെബീറലി, പ്രൊഫ. ഹവ്വാവുമ്മ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ ഫലവൃക്ഷ തൈകൾ കൈമാറി.പ്രകൃതി സംരക്ഷണ സംഘം കേരളം തൃശൂർ ജില്ലാ കോർഡിനേറ്റർ സജി മാത്യൂ പദ്ധതി വിശദീകരിച്ചു.പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഫൈസൽ ബാവ,പ്രകൃതി സംരക്ഷണ സംഘം കേരളം യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റി മീഡിയാ കോർഡിനേറ്റർ ഫാറൂഖ് വെളിയങ്കോട്, പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞി മുഹമ്മദ്, ഹരിത കേരളാ മിഷൻ പെരുമ്പടപ്പ് ബ്ലോക്ക് ആർ പി ഉമ്മുകുൽസു പനമ്പാടൻ എന്നിവർ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രകൃതിയെക്കുറിച്ചുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു.വിജയികളായ വിദ്യാർത്ഥികൾക്കു സമ്മാനമായി ഫലവൃക്ഷത്തൈകൾ നൽകുകയും ചെയ്തു.പ്രകൃതിക്കു ദോഷകരമായി തീരുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കുകയും നല്ലൊരു നാളേക്കു വേണ്ടി വൃക്ഷ തൈകൾ ക്യാമ്പസിൽ നട്ടു പിടിപ്പിക്കുമെന്നും വിദ്യാർത്ഥികൾ ഐക്യകണ്ഠേന തീരുമാനമെടുത്തു.