ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്ന് താരങ്ങളുടെ കരാർ സസ്പെൻഡ് ചെയ്ത് ഒഡീഷ എഫ്സി. താൽക്കാലികയാണ് താരങ്ങളുടെയും ജീവനക്കാരുടേയും കരാറുകൾ കമ്പനി റദ്ദാക്കിയത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലുള്ള തർക്കത്തിനിടയിൽ ലീഗ് അനിശ്ചിതമായി നീട്ടിവെച്ചതിനെ തുടർന്നാണ് ക്ലബിന്റെ നടപടി.ഈ നിർഭാഗ്യകരമായ സംഭവം ഒഡീഷ എഫ്‌സിയെ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒരു സ്ഥാനത്ത് എത്തിച്ചുവെന്ന് ക്ലബ് പുറത്തിറക്കിയ കത്തിൽ പറഞ്ഞിരിക്കുന്നത്. കരാർ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തെ ഫോഴ്‌സ് മജ്യൂർ എന്നും ക്ലബിന്റെ മാതൃസ്ഥാപനമായ ഡൽഹി സോക്കർ പ്രൈവെറ്റ് ലിമിറ്റഡ് കത്തിൽ വിശേഷിപ്പിച്ചു.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് അനിശ്ചിതത്വം ഉണ്ടായത്. 2025-26 സീസണിനായുള്ള വാർഷിക കലണ്ടറിൽ നിന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഐഎസ്എല്ലിനെ ഒഴിവാക്കിയിരുന്നു. ആഭ്യന്തര ടൂർണമെന്‍റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്‌എല്ലിനെ മത്സര കലണ്ടറിൽ ഉൾപ്പെടുത്താതിരുന്നത്.











