ഐഎഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നെന്ന് മന്ത്രി കെ.രാജന്‍. ചീഫ് സെക്രട്ടറിയുടെ അഭിപ്രായമാരായുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും രാജന്‍ പറഞ്ഞു . ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാരിന് കഴിയില്ല. നടപടിക്രമങ്ങളും സംവിധാനങ്ങളും പാലിച്ച് മുന്നോട്ടുപോകും. അതിന് എതിരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകുമായി ബന്ധപ്പെട്ട വിവാദ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പ്രശാന്തിനെതിരെയും മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെയും സര്‍ക്കാര്‍ കടുത്ത നടപടിയെടുത്തേക്കും. സസ്പെന്‍ഷന്‍ ഉള്‍പ്പടെ ആലോചനയിലെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഐഎഎസ് തലത്തിൽ മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് ആദ്യമായിട്ടാണെന്നുള്ളതും കടുത്ത നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഫോൺ ഹാക്ക് ചെയ്താണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന വാദത്തിന്‍റെ മുനയൊടിക്കുന്നതായിരുന്നു പൊലീസ് റിപ്പോർട്. ഇതോടെയാണ് നടപടി ശുപാർശ ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട് കൈമാറിയത്. നടപടി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്നും പ്രശാന്ത് സമൂഹ മാധ്യമത്തില്‍ പരിഹാസക്കുറിപ്പിട്ടിരുന്നു.കള പറിക്കുന്ന യന്ത്രത്തിന്‍റെ ചിത്രം പങ്കുവച്ച്, ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാണെ’ന്ന കാപ്ഷനോടെയാണ് പോസ്റ്റ്. എൻ.പ്രശാന്തിന്റെ ഉദ്യോഗസ്ഥതല വീഴ്ചകൾ സംബന്ധിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് സമർപ്പിച്ച ഫയൽ പരിശോധിച്ചാണ് പ്രശാന്തിന് എതിരായ ശുപാർശ. പട്ടികവിഭാഗക്കാരുടെ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ രൂപീകരിച്ച ശാക്തീകരണ സൊസൈറ്റിയായ ‘ഉന്നതി’യിലെ ചില ഫയലുകളും രേഖകളും കാണാനില്ല, ജോലി ചെയ്യാതെ വ്യാജ ഹാജർ രേഖപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും ഇതു സംബന്ധിച്ച തെളിവുകളും കുറിപ്പുകളും അടങ്ങിയതാണ് ഫയൽ. സമൂഹമാധ്യമത്തിലൂടെ അഡീഷനൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചത് സർവീസ് ചട്ടലംഘനമാണെന്നും നടപടി കാര്യം മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നതുമായിരുന്നു ചീഫ് സെക്രട്ടറിയുടെ ഫയൽ.