സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ മെയിന്റനന്‍സ് ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ് അനുവദിച്ചത്. രണ്ടിലുംകൂടി ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1029 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 87 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 172.87 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 219.83 കോടി, കോര്‍പറേഷനുകള്‍ക്ക് 101.35 കോടി എന്നിങ്ങനെയാണ് ലഭിക്കുക.
മെയിന്റനന്‍സ് ഫണ്ടില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 165 കോടി രൂപയുണ്ട്. മുന്‍സിപ്പാലിറ്റികള്‍ക്ക് 194 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.
ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 151 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.03 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപയുണ്ട്. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും അനുവദിച്ചു.
ഈ സാമ്പത്തിക വര്‍ഷം ഇതിനകം 6422 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ രണ്ടുഗഡു 2792 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ അഞ്ചു ഗഡുക്കള്‍ 1067 കോടി രൂപ, എഫ്സി ഹെല്‍ത്ത് ഗ്രാന്റ് 335 കോടി രൂപ എന്നിവയാണ് അനുവദിച്ചത്