കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരള സര്‍വകലാശാലാ ഡീന്‍സ് കൗണ്‍സില്‍ തീരുമാനിച്ചു. ഉന്നതപഠനത്തിനും ജോലിക്കും ഈ ബിരുദങ്ങള്‍ തത്തുല്യമായി പരിഗണിക്കും. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. പഠിതാക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് ഇതോടെ പരിഹാരമായി.
അക്കാദമിക് കൗണ്‍സില്‍ യോഗം ചേരാത്തതു കൊണ്ട് വൈസ് ചാന്‍സലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡീന്‍സ് കൗണ്‍സിലില്‍ എടുത്ത തീരുമാനം അംഗീകരിച്ചത്. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും യോഗത്തില്‍ സംബന്ധിച്ചു.
ഓപ്പണ്‍ സര്‍വകലാശാലാ ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വകലാശാലയുടെ കീഴിലെ സ്ഥാപനങ്ങളില്‍ ഉന്നതപഠനത്തിനുള്ള അവസരം നഷ്ടപ്പെടുന്നതായി ‘മാതൃഭൂമി’ കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇവര്‍ക്ക് ബിഎഡ്, എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍ക്ക് കേരളയില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടായി. കോഴ്‌സുകള്‍ക്ക് കേരള തുല്യത നല്‍കാത്തതായിരുന്നു കാരണം. ഒട്ടേറെ വിദ്യാര്‍ഥികളും ഇരു സര്‍വകലാശാലകളെയും സമീപിച്ച് പരാതി നല്‍കിയിരുന്നു.
യുജിസി അംഗീകാരമുള്ള വിദൂരവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന ബിരുദങ്ങള്‍ മറ്റു സര്‍വകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണം എന്നാണ് ചട്ടം. കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല എന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഗവേണിങ് ബോഡിയും തീരുമാനിച്ചെങ്കിലും കേരള സര്‍വകലാശാല ഇതു സംബന്ധിച്ച ഉത്തരവിറക്കാന്‍ വൈകി. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രയാസം ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജും സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. ജയപ്രകാശും ഡോ. മോഹന്‍ കുന്നുമ്മലിനെ നേരിട്ടു ബോധ്യപ്പെടുത്തുകയും ചെയ്തു.
നിലവില്‍ 31 യു.ജി, പി.ജി പ്രോഗ്രാമുകളും നാലു സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ആണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി നടത്തുന്നത്. ഇതില്‍ 29 യു.ജി, പി.ജി പ്രോഗ്രാമുകളുടെയും മൂന്നു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെയും പ്രവേശനം ഇപ്പോള്‍ നടക്കുകയാണ്.