സൗദി അറേബ്യ : വർക്ക് വിസ സമ്ബ്രദായത്തില്‍ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ. രാജ്യത്ത് തൊഴില്‍ തേടിയെത്തുന്ന വിദഗ്ധ വിദേശ തൊഴിലാളികള്‍ക്ക് പ്രയോജനം നല്‍കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് സൗദി അറേബ്യ നടപ്പിലാക്കിയിരിക്കുന്നത്.
എല്ലാ വിദേശ തൊഴിലാളികളെയും അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് തലങ്ങളായി ഔദ്യോഗികമായി തരംതിരിക്കുന്ന തലത്തിലാണ് പുതിയ നിയമം.
ഉയർന്ന കഴിവുള്ളവർ, കഴിവുള്ളവർ , അടിസ്ഥാന തലം എന്നിങ്ങനെയാണ് വിദേശ തൊഴിലാളികളെ തരം തിരിച്ചിരിക്കുന്നത്. മുമ്ബ്, സൗദിയില്‍ വർക്ക് വിസകള്‍ പ്രധാനമായും ജോലിയെ അടിസ്ഥാനമാക്കിയായിരുന്നു നല്‍കിയിരുന്നത്. അതായത് യോഗ്യതകള്‍, ശമ്ബള നിലവാരം, അല്ലെങ്കില്‍ യഥാർത്ഥ കഴിവുകള്‍ എന്നിവ വ്യക്തമായി പരിഗണിക്കാതെ വിസകള്‍ അനുവദിക്കും. ഇത് പലപ്പോഴും ജോലിയും തൊഴിലാളിയുടെ പ്രൊഫൈലും തമ്മിലുള്ള വലിയ പൊരുത്തക്കേടിന് കാരണമായി.
2025 ജൂലൈ 5 മുതല്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ഓഗസ്റ്റ് 3 മുതല്‍ പുതിയ തൊഴിലാളികള്‍ക്കും നിയമം ബാധകമാകും. സൗദിയുടെ വിഷൻ 2030 പരിഷ്കാരങ്ങളുടെ ഭാഗമാണ് പുതിയ നീക്കവും. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുക, തൊഴില്‍ നിലവാരം ഉയർത്തുക, ജോലി തേടുന്നവർക്ക് അനുയോജ്യമായ റോളുകളുമായി മെച്ചപ്പെട്ട പൊരുത്തം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
മൂന്ന് വിഭാഗങ്ങള്‍
ഉയർന്ന കഴിവുള്ളവർ : എഞ്ചിനീയർമാർ, ഡോക്ടർമാർ, ഐടി വിദഗ്ധർ തുടങ്ങിയ പ്രൊഫഷനുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. വിദ്യാഭ്യാസം, പ്രൊഫഷണല്‍ പരിചയം, ശമ്ബളം എന്നിവ പരിഗണിക്കുന്ന ഒരു പോയിന്റ് അധിഷ്ഠിത സമ്ബ്രദായം ഇവർ പാലിക്കണം.
കഴിവുള്ളവർ : ടെക്നീഷ്യൻമാർ, സൂപ്പർവൈസർമാർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ തുടങ്ങിയ മധ്യനിര റോളുകള്‍ വഹിക്കുന്നവർ ഈ വിഭാഗത്തില്‍ വരും. ഇവർക്ക് കുറച്ച് പരിചയവും സാധൂകരിക്കപ്പെട്ട യോഗ്യതകളും ആവശ്യമാണ്, പക്ഷേ ഉയർന്ന കഴിവുള്ളവർക്കുള്ള പോയിന്റ് പരിധി ആവശ്യമില്ല.
അടിസ്ഥാന തലം: സാധാരണ തൊഴിലാളികളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഈ വിഭാഗത്തിലുള്ളവർ 60 വയസ്സിന് താഴെയായിരിക്കണം.
തൊഴിലാളികള്‍ക്ക് നേട്ടം
സൗദി അറേബ്യയില്‍ ജോലിക്ക് അപേക്ഷിക്കുന്നവർക്ക്, പുതിയ സമ്ബ്രദായം പ്രക്രിയയില്‍ സുതാര്യതയും കൊണ്ടുവരുന്നു. ഉദ്യോഗാർത്ഥിയുടെ യോഗ്യതകളെ അടിസ്ഥാനമാക്കി തങ്ങളുടെ സ്ഥാനം എവിടെയാണെന്ന് അറിയാന്‍ സാധിക്കും. ഒപ്പം തൊഴിലുടമകള്‍ നിങ്ങളുടെ വിഭാഗം നിങ്ങളുടെ കരാറിനും യോഗ്യതകള്‍ക്കും അനുസരിച്ചുള്ളതാണെന്ന് ഉറപ്പാക്കും.
ഉയർന്ന ശക്തമായ വിദ്യാഭ്യാസ അല്ലെങ്കില്‍ സാങ്കേതിക പശ്ചാത്തലമുള്ള ജോലി തേടുന്നവർക്ക് ഇതിലൂടെ മികച്ച ജോലികള്‍ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. യോഗ്യതാ പരിശോധിക്കുന്നത് അടക്കമുള്ള പ്രൊഫഷണല്‍ അക്രഡിറ്റേഷൻ പ്രോഗ്രാമുകള്‍ ഇപ്പോള്‍ വലിയ പങ്ക് വഹിക്കുന്നു.
പുതിയ നിർദേശം വന്ന സാഹചര്യത്തില്‍ നിലവിലുള്ളവരും പുതിയതുമായ വിദേശ തൊഴിലാളികളെ കൃത്യമായി വർഗ്ഗീകരിക്കണം.ഇതിനായി ഖിവ പ്ലാറ്റ്‌ഫോമില്‍ ജോലി വിവരങ്ങളും ജീവനക്കാരുടെ രേഖകളും അപ്‌ഡേറ്റ് ചെയ്യണം. പ്ലാറ്റ് ഫോമില്‍ ആവശ്യമെങ്കില്‍ തിരുത്തലുകളും അനുവദിക്കും. തെറ്റായ വർഗ്ഗീകരണം ഭാവിയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കമ്ബനിയുടെ യോഗ്യതയേയും ബാധിച്ചേക്കാം.











