ഇടുക്കി: കേരളത്തിൻ്റെ ടൂറിസം വളർച്ചക്ക് ഇന്ധനമായി മാറാൻ സീപ്ലെയിൻ ഇന്ന് മാട്ടുപെട്ടിയിൽ പറന്നിറങ്ങും. സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലാവും ഇന്ന് ഇടുക്കിയിൽ നടക്കുക. കൊച്ചി കായലിൽ നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് പരീക്ഷണ പറക്കൽ.കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഈ സർവീസ് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയുടെ വളർചയിൽ സീപ്ലെയിൻ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു.