റായ്പൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. കന്യാസ്ത്രീകൾക്കെതിരായ കേസിന്റെ എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചു. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. രാവിലെ 8.30ന് നടന്ന സംഭവത്തിൽ കേസെടുത്തത് വൈകിട്ട് 5.11നാണ്. ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകില്ല. ഇതിനിടെ കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ഇന്നും ചോദ്യം ചെയ്യും.കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്. ഇതിനിടെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മൊഴി മാറ്റിയതായി വിവരമുണ്ട്. മറ്റൊരു കുട്ടി കൂടി മൊഴിമാറ്റിയാൽ കന്യാസ്ത്രീകളുടെ മോചനം വൈകിയേക്കുമെന്ന് ആശങ്കയുണ്ട്.എന്നാൽ വിഷയത്തിൽ മതപരിവർത്തനം ആരോപിച്ചത് ബജ്റംഗ്‌ദൾ പ്രവർത്തകരാണെന്ന് അറസ്റ്റിലായ കന്യാസ്‌ത്രീകളുടെ സഹപ്രവർത്തക പറഞ്ഞിരുന്നു. അവർ മുദ്രാവാക്യം വിളിച്ച് പ്രശ്നമുണ്ടാക്കിയെന്നും ഇതോടെയാണ് ആർപിഎഫ് ഇടപെട്ട് കേസെടുത്തതെന്നും സഹപ്രവർത്തക വ്യക്തമാക്കി. യുവതികളെ മൊഴി മാറ്റിപ്പറയാൻ ബജ്റംഗ്‌ദൾ പ്രവർത്തകർ നിർബന്ധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.