കോട്ടയം: വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ നിവിൻ പോളിക്ക് നോട്ടീസ്. സംവിധായകൻ എബ്രിഡ് ഷൈനിനും നോട്ടീസ് നൽകി. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന നിർമാതാവ് വി.എസ് ഷംനാസിന്റെ പരാതിയിലാണ് പൊലീസ് നടപടി.നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിവിൻ പോളി നായകനായ ‘മഹാവീര്യർ” ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് ഷംനാസ്. നിർമാതാവിന്റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷംനാസിൽ നിന്ന് 1.90 കോടിരൂപ വാങ്ങിയ കാര്യം മറച്ചുവച്ച്, ‘ആക്ഷൻ ഹീറോ ബിജു 2″ ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് കേസ്.മഹാവീര്യറിന്റെ പരാജയത്തെത്തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു 2ന്റെ നിർമ്മാണ പങ്കാളിയാക്കാമെന്നും ഉറപ്പ് നൽകിയിരുന്നതായി പരാതിയിൽ പറയുന്നു. തുടർന്ന് 2024 ഏപ്രിലിൽ സിനിമ നിർമ്മാണത്തിനായി 1.90 കോടി ഷംനാസ് കൈമാറി. പിന്നീട് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന് കത്ത് നൽകിയശേഷം സിനിമയുടെ ടൈറ്റിൽ എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസ് ബാനറിൽ നിന്ന് ഷംനാസിന്റെ ഇന്ത്യൻ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റി. ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഷംനാസുമായുള്ള കരാർ മറച്ചുവച്ച്, ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണാവകാശം കൈമാറി. ഇതനുസരിച്ച് അഞ്ചു കോടിയുടെ വിതരണാവകാശം ഉറപ്പിച്ച് രണ്ടുകോടി അഡ്വാൻസായി കൈപ്പറ്റിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, മദ്ധ്യസ്ഥ ചർച്ചകൾ മറച്ചുവച്ചും വസ്‌തുതകൾ വളച്ചൊടിച്ചുമാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്നാണ് നിവൻ പോളി നേരത്തെ പ്രതികരിച്ചത്. ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നടൻ വ്യക്തമാക്കിയിരുന്നു. പരാതിയിൽ കഴിഞ്ഞ ജൂൺ 28 മുതൽ കോടതി നിർദ്ദേശപ്രകാരം മദ്ധ്യസ്ഥചർച്ചകൾ നടക്കുകയാണ്. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസ് നൽകിയത്. സത്യം വിജയിക്കുമെന്നും നിവിൻ പോളി പറഞ്ഞിരുന്നു.