വൈക്കം: പശ്ചിമബംഗാൾ സ്വദേശിയുടെ 72.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റുചെയ്തു. വൈക്കം മറവൻതുരുത്ത് നികർത്തിൽ എസ്.അനൂപ് (39), വടകര പെരുംകളത്തിൽ പി.ആർ.രതീഷ് (40), തലയാഴം ഇടത്തിൽ അനിൽ സി. സണ്ണി (35), ഉദയനാപുരം തൂമ്പുങ്കൽ പ്രഭുൽദേവ് (32) എന്നിവരെയാണ് പശ്ചിമബംഗാൾ ബാഗ്വാട്ടി പോലീസ് ഞായറാഴ്ച വൈക്കത്തുനിന്ന് അറസ്റ്റുചെയ്തത്. ഇവരെ തലയോലപ്പറമ്പ് പോലീസിന്റെ സഹായത്തോടെ വൈക്കം കോടതിയിൽ ഹാജരാക്കി. ബാഗ്വാട്ടി പോലീസ് അറസ്റ്റുചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാഞ്ഞതിനെത്തുടർന്ന് കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് എട്ടിന് പശ്ചിമബംഗാളിലെ ബരാഫത്ത് കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.
ബാഗ്വാട്ടി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഹർദൻ മണ്ഡലാണ് പരാതിക്കാരൻ. 2024 ഓഗസ്റ്റ് ആറിനാണ് ഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി മടക്കിനൽകാമെന്ന സന്ദേശം ഹർദൻ മണ്ഡലിന്റെ മൊബൈലിൽ എത്തുന്നത്.സന്ദേശത്തിനോടൊപ്പം ഉണ്ടായിരുന്ന മൊബൈൽ നമ്പരിൽ ഇയാൾ വിളിച്ചു. വൈക്കം സ്വദേശികൾ പറഞ്ഞതനുസരിച്ച് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 16 വരെ 12 തവണയായി വിവിധ അക്കൗണ്ടുകളിലേക്ക് 72.60 ലക്ഷം രൂപ നിക്ഷേപിച്ചു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഹർദൻ, ബാഗ്വാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികളായ നാലുപേർ ചേർന്ന് പരസ്യഏജൻസി നടത്തിയിരുന്നു. ഇതിനായി എടുത്ത അക്കൗണ്ടും തട്ടിപ്പിന് ഉപയോഗിച്ചെന്നാണ് ബാഗ്വാട്ടി പോലീസ് പറയുന്നത്. സമാനമായ തട്ടിപ്പിൽ 46 പേർ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.