പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ കടന്നാക്രമണം തുടരുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തവണ വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെത്തി വെല്ലുവിളിച്ചിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ന് നൂറ് സീറ്റ് കിട്ടിയാൽ താൻ സ്ഥാനം ഒഴിയുമെന്നും ഇല്ലെങ്കിൽ സതീശൻ രാഷ്ട്രീയവനവാസത്തിന് പോകുമോ എന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം.
പ്രതിപക്ഷനേതാവിന്റെ മണ്ഡലമായ പറവൂരിൽ നടന്ന എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്താണ് വി ഡി സതീശനെ വെള്ളാപ്പള്ളി വെല്ലുവിളിച്ചത്. ഉണ്ടയില്ലാത്ത വെടിവെക്കരുത്. പറവൂരിൽ 52% വോട്ട് ഉണ്ടെന്നാണ് സതീശൻ പറഞ്ഞത്. ഇതുപോലെ അഹങ്കാരം പറഞ്ഞവരാണ് മാരാരിക്കുളത്തെ സുധീരനും വേണുഗോപാലും. ഒന്ന് രണ്ട് തവണ ജയിച്ചെങ്കിലും അവസാനം അവർ തോറ്റുപോയില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
എന്നാൽ പ്രതിപക്ഷ നേതാവിനെ കുറിച്ച് കേരളത്തിലെ ജനത്തിന് അറിയാമെന്നും കൂടുതൽ ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മറുപടി പറഞ്ഞു. അതികം വിവാദങ്ങളിലേക്ക് പോകാൻ താല്പര്യമില്ലെന്നും വി ഡി സതീശന്റെ പ്രവർത്തന ശൈലി എല്ലാവര്ക്കും അറിയാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളി നടേശന് അതേ നാണയത്തിൽ തിരിച്ചടിയ്ക്കാനോ പ്രതിരോധം തീർക്കാനോ നേതാക്കൾ രംഗത്തെത്താതതും ശ്രദ്ധേയമാണ്