കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം.ഇന്ന് പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമി തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. പിടികൂടിയ ശേഷം ഇയാളെ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതി ജയിൽ ചാടാനായി ജയിലിൽ നിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചോ എന്നതിലുള്‍പ്പെടെ അന്വേഷണം നടത്തും. സംഭവസമയത്ത് ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.