ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്ജയ് എന്നിവരെ സസ്പെന്റ് ചെയ്തതായി ഡിഐജി വി ജയകുമാർ ഉത്തരവിട്ടു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി വ്യക്തമാക്കി.മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലെ കിണറ്റിൽ നിന്ന് ഇയാൾ പിടിയിലായത്.പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ജയിലിലെ 10 B ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്.7 .5 മീറ്റർ ആഴത്തിലുള്ള മതിലിൽ കിടക്കവിരികെട്ടിയാണ് ഇയാൾ മതിൽ ചാടിയത്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ടായിരുന്നു.ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയരുന്നുണ്ട്. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.