കുരുത്തക്കേട് കാട്ടിയാലോ പഠിക്കാതെ വന്നാല്ലോ, ഗൃഹപാഠം ചെയ്യാതെ വന്നാലോ കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച് കൊണ്ട് ശിക്ഷിക്കാന്‍ ഇന്ന് അധ്യാപകര്‍ക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ പിന്നാലെ ശിക്ഷയുണ്ടാകും. എന്നാല്‍ അത്തരമൊരു ശിക്ഷ കൂടിപോയെന്ന് ചര്‍ച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍. വാർത്ത ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ്. വിദ്യാര്‍ത്ഥിയെ തല്ലിയതിന് അറസ്റ്റിലായി അധ്യാപകന് കോടതി വിധിച്ച ശിക്ഷയെ കുറിച്ചാണ് നെറ്റിസണ്‍സിനിടെയില്‍ തര്‍ക്കം.പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ മാഷ് തല്ലി. ഇതോടെ കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ കേസായി. കോടതി അധ്യാപകന് ആറ് മാസം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. അതേസമയം സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത്രയം കാലം കഴിഞ്ഞ് ഇതുപോലൊരു ശിക്ഷയ്ക്ക് പ്രസക്തിയുണ്ടോയെന്നാണ് നെറ്റിസണ്‍സ് പ്രധാനമായും ചോദിക്കുന്നത്.