യുഎഇയിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് മഴയ്ക്ക് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴയില്ലാത്ത സമയങ്ങളിൽ രാജ്യത്തുടനീളം തെളിഞ്ഞ കാലാവസ്ഥയോ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയോ ആയിരിക്കും. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരദേശ, ഉൾപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റ് ശക്തി പ്രാപിച്ച് പൊടിപടലങ്ങൾക്ക് കാരണമായേക്കാം. കാറ്റിന്റെ വേഗം മണിക്കൂറിൽ 10-25 കി.മീ മുതൽ 40 കി.മീ വരെയാകാം.
അബുദാബിയിൽ ഏറ്റവും കുറഞ്ഞ താപനില 30°സെൽഷ്യസും കൂടിയ താപനില 48°സെൽഷ്യസും വരെയാകാം. ദുബായിൽ കൂടിയ താപനില 40°സെൽഷ്യസും കുറഞ്ഞ താപനില 33°സെൽഷ്യസുമായിരിക്കും. ഷാർജയിൽ, കൂടിയ താപനില 42°സെൽഷ്യസും കുറഞ്ഞ താപനില 32°സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.