കാസർകോട്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പുകൾ നടത്തിയ കേസുകളിലെ പ്രതിയായ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. കാസർകോട് തളങ്കര സ്വദേശി യു. സാജിദയെയാണ് (34) കാസർകോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. 2024 മാർച്ച് മുതലുള്ള പല ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം വിനിമയംചെയ്തുവെന്നാണ് പരാതി.ബാങ്ക് അക്കൗണ്ടും എടിഎം കാർഡും അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധിപേരുടെ അക്കൗണ്ട് ഈരീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ചെർക്കള മുട്ടത്തൊടിയിലെ ബി.എം. മുഹമ്മദ് സാബിർ (32) ഇപ്പോഴും ഒളിവിലാണ്.കേസെടുത്തതോടെ പ്രതികൾ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും പിടികൂടുന്നതിന് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ പിടിയിലായ ഒന്നാംപ്രതി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ തടഞ്ഞുവെക്കുകയായിരുന്നു.കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറുടെ ചുമതലവഹിക്കുന്ന യു.പി. വിപിന്റെ മേൽനോട്ടത്തിൽ എസ്.ഐ. പ്രേമരാജൻ, എസ്‌സിപിഒ ദിലീഷ്, സിപിഒ നജ്ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.