ഗൂഗിളിന്റെ പിക്‌സല്‍ 10 സീരീസ് ഡിവൈസുകള്‍ പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ‘മേയ്ഡ് ബൈ ഗൂഗിള്‍’ പരിപാടിയിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചുള്ള സന്ദേശം കമ്പനി അയച്ചത്. ഓഗസ്റ്റ് 20 ന് നടക്കുന്ന പരിപാടിയില്‍ ഗൂഗിളിന്റെ പുതിയ പിക്‌സല്‍ ഫോണുകള്‍, പിക്‌സല്‍ ബഡ്‌സ്, പിക്‌സല്‍ വാച്ചുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ അവതരിപ്പിക്കും.പുറത്തിറങ്ങാനിരിക്കുന്ന പിക്‌സല്‍ 10 ലൈനപ്പിനെ കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 10, 10 പ്രോ, 10 പ്രോ എക്‌സ്എല്‍, 10 പ്രോ ഫോള്‍ഡ് എന്നീ ഫോണുകളാണ് ഇത്തവണ പുറത്തിറക്കുക. ഇതോടൊപ്പം പിക്‌സല്‍ വാച്ച് 3, പിക്‌സല്‍ ബഡ്‌സ് പ്രോ 2, എന്നിവയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊടൊപ്പം പുതിയ മറ്റ് ഉപകരണങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചേക്കും.ഇത്തവണ പുറത്തിറങ്ങുന്ന ബേസ് മോഡലിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിഫോട്ടോ ക്യാമറയാണ് പുതിയതായി ഉള്‍പ്പെടുക. പ്രോമോഡലുകളിലും ഫോള്‍ഡിലും കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ക്യാമറയും ഹാര്‍ഡ് വെയറും കഴിഞ്ഞ വര്‍ഷത്തേതിന് ഏറെക്കുറെ സമാനമായിരിക്കും. എന്നാല്‍ പ്രൊസസര്‍ ചിപ്പ്‌സെറ്റ് ടെന്‍സര്‍ ജി5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യും. മെച്ചപ്പെട്ട എഐ ഫീച്ചറുകളും ഫോണുകളിലെത്തും.”അതേസമയം പിക്‌സല്‍ വാച്ച് 4 നെ കുറിച്ചും സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പിക്‌സല്‍ വാച്ചിനേക്കാള്‍ കനം കൂടുതലായിരിക്കും ഇതിനെന്നാണ് വിവരം. വാച്ചിന്റെ ചാര്‍ജിങ് സാങ്കേതിക വിദ്യയും മാറും. പുതിയ ബട്ടനുകളും ഉള്‍പ്പെടുത്താനിടയുണ്ട്. ഗൂഗിളിന്റെ ജെമിനൈ എഐ ഫീച്ചറുകളും പിക്‌സല്‍ വാച്ചില്‍ എത്തിയേക്കും. കമ്പനിയുടെ പുതിയ മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈന്‍ ലാംഗ്വേജില്‍ ആയിരിക്കും സോഫ്റ്റ്‌വെയര്‍ രൂപകല്‍പന.