വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രചരണം അവസാന ലാപ്പിലേക്ക്. 13 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഇരുമണ്ഡലങ്ങളിലും തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിൽ എത്തും. ആറിടങ്ങളിൽ അവർ പ്രചരണം നയിക്കും. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലി ഇരുവരും സന്ദർശിക്കും. അതിന് ശേഷം കൽപ്പറ്റയിലും തിരുവമ്പാടിയിലും നടക്കുന്ന കൊട്ടിക്കലാശങ്ങളിൽ പങ്കെടുക്കും. ചേലക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവരാണ് ഇന്ന് പ്രചരണത്തിന് എത്തുക.
അതേസമയം 20 ന് തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയുള്ള 8 ദിവസങ്ങൾ വീടുകൾ കയറിയുള്ള പ്രചരണങ്ങളും റാലികളുമെല്ലാമായി കൊഴുപ്പിക്കാനാണ് പാർട്ടികളുടെ ആലോചന. വയനാടും ചേലക്കരയും പോരാട്ടം കഴിയുന്നതോടെ മൂന്ന് പാർട്ടികളുടേയും കൂടുതൽ നേതാക്കൾ പാലക്കാട്ടേക്ക് എത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇരുമണ്ഡലങ്ങളിലും ചുമതലയുള്ള 37 ഓളം നേതാക്കളോട് പാലക്കാടേക്ക് എത്താൻ കെ പി സി സി നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു. സി പി എമ്മിന് വേണ്ടി മുഖ്യമന്ത്രി അടക്കമുള്ളവർ വരും ദിവസങ്ങളിൽ എത്തും.
കത്ത് വിവാദത്തിന് ശേഷം ഇന്ന് കെ മുരളീധരൻ ആദ്യമായി മണ്ഡലത്തിൽ പ്രചരണത്തിന് എത്തും. വൈകിട്ട് അഞ്ചിന് മേപ്പറമ്പിലെ യു ഡി എഫ് കൺവെൻഷനിൽ മുരളീധരൻ പങ്കെടുക്കും. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നാലെ മുരളീധരൻ കടുത്ത അതൃപ്തിയിൽ പ്രതികരിച്ചിരുന്നു. രാഹുലിന്റെ പ്രചരണത്തിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയും ചെയ്തു. വിഷയം എൽ ഡി എഫ് യു ഡി എഫിനെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു. മുരളീധരൻ പാലക്കാട് എത്തുന്നതോടെ എൽ ഡി എഫ് പ്രചരണത്തിന് തിരിച്ചടി നൽകാൻ സാധിച്ചെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്.
അതേസമയം കള്ളപ്പണവും കോൺഗ്രസ് നേതാക്കളുടെ മുറിയിലെ പോലീസ് പരിശോധനയും തന്നെയാണ് പാലക്കാട്ടെ പ്രധാന പ്രചരണവിഷയം. വിവാദം തങ്ങൾക്ക് ഗുണകരമായെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. വിഷയത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവർത്തിക്കുകയാണ് സി പി എം. കോൺഗ്രസും ബി ജെ പിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും പാലക്കാട് ഇനിയും ബോംബുകൾ പൊട്ടുമെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ റെയ്ഡിന് പിന്നിൽ മന്ത്രി എംബി രജേഷാണെന്ന് യു ഡി എഫ് പറയുന്നത്. വിഷയത്തിലെ ആരോപണ പ്രത്യാരോപണങ്ങൾ മുന്നണികളെ എങ്ങനെ ബാധിക്കുമെന്നറിയാൻ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.