ന്യൂഡൽഹി: എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാൻ കേന്ദ്രം. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഇനി മുതൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. എയിംസ് ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ലഘുഭക്ഷണങ്ങളിൽ എത്രമാത്രം കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഈ ബോർഡിൽ ഉണ്ടായിരിക്കും. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആകർഷകമായ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അപകടകരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുകയെന്നതാണ് ബോഡിന്റെ പ്രധാന ലക്ഷ്യം. ലഡു, വട, പക്കോട തുടങ്ങിയവയെയും പരിശോധനയ്ക്ക് വിധേയമാക്കും. സർക്കാർ കാന്റീനുകളിലും പൊതുസ്ഥലങ്ങളിലും ഉടൻ തന്നെ ഈ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കും. ഭക്ഷണ ലേബലിംഗ് സിഗരറ്റ് മുന്നറിയിപ്പുകൾ പോലെ ഗൗരവകരമാക്കുന്നതിന്റെ തുടക്കമാണിതെന്ന് കാർഡിയോളജിക്കൽ സോസെെറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് അമർ അമാലെ പറഞ്ഞു. ആളുകൾക്ക് അവർ എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് സർക്കാർ ശ്രദ്ധ. 2050ഓടെ 44.9 കോടിയിലധികം ഇന്ത്യക്കാർക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.