തിരുവനന്തപുരം: മലയാളികളുടെ അടുക്കളയുടെ പ്രധാന അംഗമായി തുടരുന്ന വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. ഹോൾസേൽ വിപണിയിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 420 രൂപയ്ക്കും റീട്ടെയിൽ കടകളിൽ 450 മുതൽ 480 രൂപ വരെയും വില രേഖപ്പെടുത്തുകയാണ്. വ്യാപാരികളുടെ പ്രവചനം അനുസരിച്ച്, ഓണത്തിന് മുമ്പായി ഇത് 600 രൂപ പോലും കടക്കാനാണ് സാധ്യത.
തേങ്ങയുടെ കയറ്റുമതിയും ഉത്പാദനത്തിലെ കുറവുമാണ് വില വർദ്ധനവിന് പ്രധാന കാരണം. ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില 180 രൂപയിൽ നിന്നും അഞ്ച് മടങ്ങ് വർദ്ധിച്ചിരിക്കുന്നത് സാധാരണ ജനത്തെ നേരിട്ട് ബാധിക്കുകയാണ്.
വിലകയറ്റം സാധാരണക്കാരെ വലിയ സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുന്നു.
പാചകച്ചെലവിന്റെ നിയന്ത്രണം വിട്ടു പോകുന്നതോടെ പലരും മറ്റ് ഓയിലുകളിലേക്ക് മാറുകയാണ്. പാമോയിലിനും സൺഫ്ലവർ ഓയിലിനും ഇപ്പോൾ വിപണിയിൽ കൂടുതൽ ആവശ്യം ഉണ്ടാകുന്നത് ഇതിന്റെ തെളിവാണ്. അതോടൊപ്പം തന്നെ വ്യാജ വെളിച്ചെണ്ണയുടെ ചൂഷണ സാധ്യതയും മുന്നറിയിപ്പായി ഉയർന്നു വരുന്നുണ്ട്.
ഈ നിലയിൽ തുടരുകയാണെങ്കിൽ, ഇത്തവണത്തെ ഓണസദ്യയിൽ വെളിച്ചെണ്ണയിൽ പാകം ചെയ്ത വിഭവങ്ങൾ കുറയാൻ തന്നെ സാധ്യതയുണ്ടെന്നാണ് വീടുതോറും മുഴങ്ങുന്ന ആശങ്ക.











