ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമാകുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെതിരെ തുറന്നടിച്ച് വീണ്ടും സമൂഹമാധ്യമത്തില്‍ എന്‍.പ്രശാന്ത് ഐഎഎസ്. ജയതിലകിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ജയതിലകിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്.
ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താൻ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് എന്‍.പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘‘സര്‍ക്കാര്‍ ഫയലുകള്‍ പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടിവന്നത് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വാഹമില്ല. വിവരാവകാശപ്രകാരം പൊതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പോസ്റ്റ് ചെയ്യും. അടുത്ത ചീഫ് സെക്രട്ടറിയാണെന്നു സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്. അതുകൊണ്ട് വേണ്ടവിധം ഭയഭക്തിബഹുമാനം വേണം കേട്ടോ’’– ജയതിലകിന്റെ ചിത്രം സഹിതം ഉൾപ്പെടുത്തിയാണ് എന്‍. പ്രശാന്ത് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്