തൃശൂർ ; കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) ഏറ്റെടുത്ത് നടത്തുന്ന തൃശ്ശൂർ-കുറ്റിപ്പുറം റോഡിന്റെ നിർമാണപുരോഗതി വിലയിരുത്തുന്നതിനായി കളക്ടർ അർജുൻ പാണ്ഡ്യനും കെഎസ്ടിപി അധികൃതരും സന്ദർശനം നടത്തി. ഏറ്റവും കൂടുതൽ ഗതാഗതപ്രശ്നമുള്ള മുതുവറ മുതൽ പൂങ്കുന്നം വരെയുള്ള ഭാഗത്താണ് സന്ദർശനം നടത്തിയത്. മൂന്നു കിലോമീറ്റർ ദൂരം കളക്ടറും സംഘവും നടന്നെത്തിയാണ് ഓരോ സ്ഥലത്തെയും നിർമാണപുരോഗതി വിലയിരുത്തിയത്.പൂങ്കുന്നം നെസ്റ്റോയ്ക്കു സമീപമുള്ള മൈനർ പാലത്തിന്റെ നിർമാണം പൂർത്തിയായി. ദേശാഭിമാനിക്കു സമീപമുള്ള കൾവെർട്ടിന്റെ പണി പൂർത്തിയായതിനാൽ ഒരാഴ്ചയ്ക്കകം പൂങ്കുന്നം-പുഴയ്ക്കൽ റോഡ് (ഇരുഭാഗവും) ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു. പുഴയ്ക്കൽ മുതൽ മുതുവറ വരെ വലതുവശത്തെ കോൺക്രീറ്റ് പ്രവൃത്തികൾ ജൂലായ് അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും. ഇരുവശങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും കെഎസ്ടിപി അധികൃതർ കളക്ടറെ അറിയിച്ചു.കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് പുഴയ്ക്കൽ ശോഭാസിറ്റിക്കു സമീപമുള്ള പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ കഴിയാത്തത്. മഴ കുറഞ്ഞാൽ ഓഗസ്റ്റ് അവസാനത്തോടെ പാലത്തിന്റെ നിർമാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് കെഎസ്ടിപി അധികൃതർ കളക്ടറെ അറിയിച്ചു. പുഴയ്ക്കൽ ടൊയോട്ട ജങ്‌ഷൻ മുതൽ നെസ്റ്റോ വരെയുള്ള ഭാഗത്തെ വലതുവശത്ത് ഷോൾഡർ പ്രൊട്ടക്ഷൻ ജോലികളും ഫുട്പാത്ത് നിർമാണ ജോലികളും ഇടതുവശത്ത് ഡ്രെയ്‌നേജ്, മീഡിയൻ നിർമാണവും ഉടൻ ആരംഭിക്കുമെന്നും കെഎസ്ടിപി അധികൃതർ അറിയിച്ചു.മുതുവറ മുതൽ പുഴയ്ക്കൽ വരെയുള്ള റോഡിലെ ഗതാഗതതടസ്സമുണ്ടാക്കുന്ന കുഴികൾ അടിയന്തരമായി അടയ്ക്കുന്നതിനും തുടർച്ചയായി പരിപാലിക്കുന്നതിനും കെഎസ്ടിപി അധികൃതർക്ക് കളക്ടർ നിർദേശം നൽകി. തൃശ്ശൂർ-കുറ്റിപ്പുറം റോഡിന്റെ മറ്റ് ഭാഗങ്ങളിലെ നിർമാണപ്രവൃത്തികളും പകലും രാത്രിയുമായി നടക്കുന്നതായി കെഎസ്ടിപി അധികൃതർ അറിയിച്ചു.കെഎസ്ടിപി. എ ഇ മനോജ് കെ.എം., കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.