കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ വിലക്കുമെന്ന് ഹൈക്കോടതി. അടിപ്പാതയുടെ നിര്‍മാണമടക്കം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കര്‍ശനനിലപാട് സ്വീകരിച്ചത്. ഒരാഴ്ചയ്ക്കകം പ്രശ്‌നത്തിന് പരിഹാരംകാണുമെന്ന് ദേശീയപാതാ അതോറിറ്റിക്കായി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഉറപ്പുനല്‍കി. ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയില്‍ ടോള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ദേശീയപാതാ അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു. നിലവില്‍ 4.8 കിലോമീറ്ററിലേ പ്രശ്‌നങ്ങളുള്ളൂവെന്നും ശേഷിക്കുന്ന 65 കിലോമീറ്ററില്‍ തടസ്സങ്ങളില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍ സുന്ദരേശന്‍ വാദിച്ചു. ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനെ ഉള്‍പ്പെടുത്തി യോഗംചേരുമെന്നും അറിയിച്ചു. വിഷയം ജൂലായ് 16-ന് വീണ്ടും പരിഗണിക്കും.