ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, അതൊഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹർജി ഈ മാസം 14ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയാൻ അടിയന്തര നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. നിമിഷ പ്രിയയ്ക്കായി പ്രവർത്തിക്കുന്ന സാമുവലും സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റിയും നാലു വിധത്തിലാണ് ഇടപെടലുകൾ നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇതിനായി മുന്നിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് താത്കാലികമായി ഒരു മാസത്തേക്കെങ്കിലും മരവിപ്പിക്കുകയെന്നതാണ് ആദ്യ ശ്രമമെന്ന് സാമുവൽ പറഞ്ഞു. ഇന്ന് ഇതിനായി സനായിലേക്ക് പുറപ്പെടും. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി കൂടിക്കാഴ്ചയ്ക്കും ശ്രമിക്കുന്നുണ്ട്. ആറു മാസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. കുടുംബാംഗങ്ങളിൽ ചിലർക്ക് മാപ്പുനൽകാൻ വിയോജിപ്പുള്ളതാണ് വെല്ലുവിളി. അതേസമയം, വിദേശകാര്യ മന്ത്രാലയം ഇറാനുമായി ആശയവിനിമയം തുടരുകയാണ്. യെമനിൽ വിമതവിഭാഗമായ ഹൂതികളുടെ കീഴിലുള്ള ജയിലിലാണ് നിമിഷപ്രിയ. ഇറാനും ഹൂത്തികളും തമ്മിലുള്ള നല്ലബന്ധം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. നേരത്തെയും ഈ വിധം ശ്രമങ്ങൾ നടത്തിയിരുന്നു. ഏതാണ്ട് 10 ലക്ഷം ഡോളർ (8.6 കോടി) ദയാധനമായി നൽകാൻ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ തയ്യാറാണ്. തലാലിന്റെ കുടുംബം ഇതുവരെ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല. നിശ്ചിത സമയത്തികം മാപ്പുനൽകിയാൽ മോചനം സാദ്ധ്യമാകും. സാമുവലിന്റെ സംരക്ഷണത്തിൽ യെമനിൽ കഴിയുന്ന നിമിഷയുടെ അമ്മ പ്രേമകുമാരിയും വിവരം അറിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രേമകുമാരി സനായിലെത്തിയത്. ഏപ്രിൽ 24ന് ഇവർ മകളെ ജയിലിൽ കാണുകയും ചെയ്തിരുന്നു. ജയിലിൽ നിമിഷയെ സന്ദർശിക്കാനാകുള്ള സാദ്ധ്യത സാമുവൽ തേടുന്നുണ്ട്.