അഹമ്മദബാദ് വിമാനാപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സൂചന. പിഴവോ മനപ്പൂർവം ഉണ്ടായ നടപടിയോ അപകടത്തിനു കാരണമായതാകാനുള്ള സാധ്യത തള്ളാനാവില്ലെന്ന് റിപ്പോർട്ട്. വ്യോമയാന വ്യവസായ പ്രസിദ്ധീകരണമായ എയർ കറന്റിന്റെതാണ് റിപ്പോർട്ട്. അപകടത്തെ കുറിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറി ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ വിശദീകരണം നൽകുംവിമാന അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം വ്യോമ യാനമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തു വിടും എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ചലനത്തിൽ കേന്ദ്രീകരിച്ചാണ് AAIB നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം എന്ന് ആണ് വിവരം.അതേസമയം സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ ഇന്ന് സഞ്ജയ് ഝാ അധ്യക്ഷനായ പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും. രാജ്യത്തെ വ്യോമയാന സുരക്ഷ സംബന്ധിച്ച് വിശദീകരിക്കും, അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ സമിതി വിശദീകരണം തേടും. എയർ ഇന്ത്യ CEO അടക്കമുള്ളവരെയും സമിതി വിളിപ്പിച്ചിട്ടുണ്ട്.