ബിഹാറിലെ പുര്‍ണിയയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം തീക്കൊളുത്തി കൊന്നു. ഞായറാഴ്ച രാത്രി പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തിലാണ് ദാരുണസംഭവം. കുടുംബത്തിലെ സ്ത്രീ ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ കുട്ടികളുടെ മരണത്തിന് കാരണം ഈ മന്ത്രവാദമാണെന്നും ആരോപിച്ചാണ് അൻപതോളം വരുന്ന ഗ്രാമവാസികൾ ചേർന്ന് ഒരു വീട്ടിലെ അഞ്ചുപേരെ മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.
ബാബുലാല്‍ ഒറാവോണ്‍ (50), ഭാര്യ സീതാദേവി (40), മഞ്ജീത് കുമാർ (30), ഭാര്യ റാണി ദേവി (25), മസോമതാ കാറ്റോ (70) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിലെ പതിനാറു വയസ്സുകാരനായ ആൺകുട്ടി ഗ്രാമവാസികളുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. കണ്‍മുന്നില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് കണ്ട കുട്ടിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ സമീപത്തെ വെള്ളച്ചാട്ടത്തിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്
ഗ്രാമവാസികളായ 5 കുട്ടികൾ അടുത്തിടെ അസുഖം വന്ന് മരിച്ചിരുന്നു. ഇതിനു പിന്നിൽ സീതാദേവിയാണെന്നും ഇവർക്ക് മന്ത്രവാദമുണ്ടെന്നും ഗ്രാമവാസികൾ ആരോപിച്ചിരുന്നു. ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട് സീതാദേവിയും ചില ഗ്രാമവാസികളുമായി തർക്കം നടന്നു. ഇതിനുപിന്നാലെയാണ് രാത്രി പത്ത് മണിയോടെ ഗ്രാമവാസികൾ ചേർന്ന് കുടുംബത്തെ ആക്രമിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ നകുല്‍ ഒറാവോൺ, സന്നുല്ല എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ആൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.