കെഎസ്ഇബി ഓഫീസുകളോടു ചേര്‍ന്നുള്ള വാഹന ചാര്‍ജിങ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സൗകര്യമൊരുങ്ങുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റേഷനുകള്‍ നവീകരിക്കാനാണ് പദ്ധതി. സംസ്ഥാനത്ത് 63 കെഎസ്ഇബി ഓഫീസുകളോടു ചേര്‍ന്നാണ് ഇപ്പോള്‍ ചാര്‍ജിങ് സ്റ്റേഷനുകളുള്ളത്.കേരളത്തെ കാര്‍ബണ്‍മുക്തമാക്കല്‍, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ സഹായധനം ഉപയോഗിച്ചാണ് ഇവ സ്ഥാപിച്ചത്. എന്നാല്‍ സഹായധനം പൂര്‍ണമായും ലഭിക്കാതിരുന്നത് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി. ചാര്‍ജിങ് സംവിധാനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും കഴിയാതെയായി.സ്വകാര്യമേഖലയില്‍ക്കൂടി ചാര്‍ജിങ് കേന്ദ്രങ്ങള്‍ വന്നതോടെ ചിലയിടങ്ങളിലെ ബോര്‍ഡിന്റെ സ്റ്റേഷനുകളില്‍ ആരും എത്താത്ത സ്ഥിതിയായി. ഇത് നഷ്ടമുണ്ടാക്കാനും കാരണമായി. ഇതിനു പരിഹാരം കാണാനാണ് സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണം ആരംഭിക്കുന്നത്. ‘റിഫ്രഷ് ആന്‍ഡ് റീ വാംപ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.കൂടുതല്‍ ചാര്‍ജിങ് മെഷീനുകള്‍ സ്ഥാപിക്കല്‍, ശൗചാലയങ്ങളും കഫെറ്റീരിയകളും വൈഫെ സൗകര്യവും ഒരുക്കല്‍ എന്നിവയാണ് സ്വകാര്യ സംരംഭകര്‍ ചെയ്യുക. കെഎസ്ഇബി സ്ഥാപിച്ച യന്ത്രങ്ങളുടെയും, നവീകരണത്തിനായി ബോര്‍ഡില്‍നിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും വാടക സംരംഭകര്‍ നല്‍കണം.ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 1169 വൈദ്യുതത്തൂണുകളില്‍ ബോര്‍ഡ് സംവിധാനമൊരുക്കിയിരുന്നു. ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഇത് പ്രവര്‍ത്തനക്ഷമമല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഇവ അറ്റകുറ്റപ്പണി നടത്താനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.