പത്തനംതിട്ട: സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് ചെയ്തവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജില്ലാഭരണകൂടത്തിന്റെ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും സമരവുമുണ്ടായി. എറണാകുളത്തും കണ്ണൂരും ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ബാരിക്കേഡ് തകര്‍ത്ത് ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യവും ഇരു സ്ഥലങ്ങളിലുമുണ്ടായി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരത്ത് പലതവണ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. കൊല്ലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ കൈയാങ്കളിയുണ്ടായി. പോലീസിന്റെ ഇടപെടലുണ്ടായിട്ടും മിക്കയിടങ്ങളിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞുപോവാന്‍ തയ്യാറായിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുകയാണ്.