കോഴിക്കോട്∙ ആനക്കാംപൊയിൽ കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവർത്തനോദ്ഘാടനം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. നേരത്തേ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാവും