നിലമ്പൂര്‍:ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പൊലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്‌ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്‌ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡിവൈഎസ്പി യുടെ കീഴിലും എടക്കര, വഴിക്കടവ,് പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്‌ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡിവൈഎസ്പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയത്.
നിയോജക മണ്ഡലത്തിലെ 263 പോളിങ് ബൂത്തുകളെ പൊലീസിന്റെ 17 ഗ്രൂപ്പ് പട്രോളിങ് ടീമുകളായി തരം തിരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു സബ് ഇന്‍സ്‌പെക്ടറും രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു സബ് ഇന്‍സ്‌പെക്ടറും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന രണ്ട് വീതം എല്‍ ആൻഡ് ഒ പട്രോളിങ് വിഭാഗത്തെ നിയോഗിച്ചു. ഇതോടൊപ്പം ഒരു സബ് ഇന്‍സ്‌പെക്ടറും നാലു പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ക്യൂ ആര്‍ ടി യെയും നിയോഗിച്ചിട്ടുണ്ട്. ഗ്രൂപ്പ് പട്രോള്‍ ഓഫിസര്‍മാര്‍ അവരുടെ പരിധികളിലെ പോളിങ് ബൂത്തുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി എത്തി എന്ന് ഉറപ്പു വരുത്തുകയും പോളിങ് സാമഗ്രികള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പോളിങ് ബൂത്തുകളിലേക്കും, പോള്‍ ചെയ്ത ഇവിഎം കള്‍ സുരക്ഷിതമായി തിരികെ റിസപ്ഷന്‍ സെന്ററുകളിലേക്കും എത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കും
ഒരു കമ്പനി കേന്ദ്ര സേന (സിഐഎസ്എഫ്) ജൂണ്‍ നാലിന് ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു കമ്പനി എപി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്‌ഷന്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ എത്തി. ആകെ 1200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ഇലക്‌ഷന്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയോഗിക്കും. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 7 ലൊക്കേഷനുകളിലായി 14 പോളിങ് ബൂത്തുകളെ ക്രിട്ടിക്കല്‍ ബൂത്തുകളായി പരിഗണിച്ച് സിഎപിഎഫിന്റെ 40 സേനാംഗങ്ങളെ ഉപയോഗിച്ച് പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലട്ടുണ്‍ സിഎപിഎഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ആറ് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് പ്ലട്ടുണ്‍ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സംസ്ഥാന അതിര്‍ത്തിയായ വഴിക്കടവ് നാടുകാണിയില്‍ ഇലക്ഷന്‍ തീരുന്നതു വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഒരു സബ് ഇന്‍സ്‌പെക്ടറും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും സിഎപിഎഫ് സേനാ വിഭാഗത്തിന്റെ സഹകരണത്തോടെ കര്‍ശന വാഹന പരിശോധന നടത്തി അനധികൃതമായി കടത്തികൊണ്ടു വരുന്ന മദ്യം, മയക്കു മരുന്ന് പണം മുതലായവ പിടികൂടി നടപടി സ്വീകരിച്ചു വരുന്നു
ജില്ലയിലുടനീളം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സൈബര്‍ സെല്ലിന്റെയും, സൈബര്‍ പൊലീസ് സ്റ്റേഷന്റെയും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ സൈബര്‍ ഇടങ്ങളില്‍ പട്രോളിങ് നടത്തി എംസിസിക്ക് വിരുദ്ധമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു വരുന്നുണ്ട്. എംസിസി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.